Wednesday, 15 June 2011

മഴ പെയ്തൊഴിയാതെ.....


(മഴ പെയ്യുകയാണ്... ഇടനാഴികള്‍ പിന്നിട്ടു  ജനാലയിലൂടെ തണുത്തകാറ്റ് ക്ലാസ്സ്‌ മുറികളില്‍ നിറയുന്നു..... എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നു... ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ പൊട്ടിത്തകര്‍ന്നു വീഴുന്നു... മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ നെടുവീര്‍പ്പെടുന്നു.... സ്വപ്നങ്ങള്‍ നെയ്യുന്നു....  മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍! എല്ലാ കണ്ണുകളിലും മഴയുടെ അവ്യക്തമായ രൂപം പതിഞ്ഞിരിക്കുന്നു....)


എന്‍റെ കാമ്പസ്സിലേക്ക്




















കെ. വി. വി. എസ്സ് ക്യാമ്പസ്സില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്ക് ശേഷമുള്ള വരവാണ്. 
നനഞ്ഞ ഇടനാഴിയിലൂടെ ഞാന്‍ നടന്നു...
ഒന്നാം നിലയിലെ  14 -›൦ നമ്പര്‍ ക്ലാസിനു പുറത്ത്‌,
ഇടനാഴിയില്‍ നിന്ന് മഴയുടെ സൗന്ദര്യം  ആസ്വദിക്കുകയാണ്
ക്യാമ്പസിലെ കവയിത്രി അനു...
എന്നെ കണ്ടതും ആസ്വാദനം നിര്‍ത്തി അനു പറഞ്ഞു തുടങ്ങി.. 
ഇന്നലെയിലെ മഴയാണ് എനിക്കിഷ്ടം....
ആ  പഴയ മഴക്കാലമാണ് ഓര്‍മയിലെല്ലാം.
പക്ഷേ ഇപ്പോള്‍ അവ എനിക്ക് വാക്കുകളിലൊതുങ്ങാത്ത
വേദനയാണ്....

മഴയുടെ ശക്തി കുറഞ്ഞെന്നു തോന്നുന്നു...
അകലെ  ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അവ്യക്തമായി കാണാം...
ഇടനാഴിയിലൂടെ പല നിറങ്ങള്‍ നടന്നു നീങ്ങുന്നു....
മഴ ചാറ്റലായി ചുരുങ്ങി..  
സെക്കന്‍റ് ടി. ടി. എം  ലെ  സുന്ദരിയോട് മഴയെപ്പറ്റി അന്വേഷിച്ചപ്പോള്‍
ഒരു മഴത്തുള്ളി പോലെ അവള്‍ പുഞ്ചിരിച്ചു... 
ഇനിയൊന്നും അവള്‍ക്ക് പറയാന്‍  ബാക്കിയില്ല.... 
കാരണം മഴയുടെ മുഴുവന്‍
സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....

       അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ശ്രീക്കുട്ടന്
മഴയെക്കുറിച്ച് വളരെയേറെ പറയുവാന്‍ ഉണ്ട്....
അവന്‍ പറഞ്ഞു തുടങ്ങി....

കെ. വി. വി. എസ്സ് ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് 
മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു സുന്ദരി
എനിക്ക് പിന്നാലെ കുടയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞ് നോക്കിയത് സഹതാപം
നിറഞ്ഞ അവളുടെ കണ്ണുകളിലേക്കാണ്....  
ഇന്ന് അവളെന്‍റെ പ്രണയിനി ആണ്...
ഇതേ മഴ തന്നെ ആണ് അവളെ എനിക്ക് സമ്മാനിച്ചത്.... 
അതുകൊണ്ട് അവളെപ്പോലെ മഴയോടും എനിക്ക് പ്രണയമാണ്....
അത്രയും പറഞ്ഞു അവസാനിപ്പിച്ചു അവന്‍ സെക്കന്‍റ് ഫ്ലോറിലെ ജനാലയിലേക്ക് വിരല്‍ ചൂണ്ടി...
അവിടെ അവനെയും കാത്ത് നീല കണ്ണുകളുള്ള ഒരു പെണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നു... 
എന്നോട് യാത്ര പറഞ്ഞ് അവന്‍ ആ പടവുകളിലേക്ക് ഓടിക്കയറി...

       മുന്നോട്ടു നീങ്ങിയ ഞാനെത്തിയത് ആളൊഴിഞ്ഞ വരാന്തയില്‍ 
ദുഃഖിതയായി നില്‍ക്കുന്ന ഹംനയുടെ മുന്‍പിലേക്കാണ്...
മഴയെ പ്പറ്റി ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനായി.... 
അവള്‍ പറഞ്ഞ് തുടങ്ങി....
ഈ മഴയുടെ ഓരോ തുള്ളിയും എനിക്ക് ദുഃഖങ്ങളാണ്. 
കഴിഞ്ഞ വര്‍ഷം ഈ മഴയെ സാക്ഷിയാക്കിയാണ് ഞങ്ങള്‍
പ്രണയം പങ്കുവെച്ചത്.... 
പക്ഷേ, ഈ മഴ വേര്‍പാടിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാകുന്നു.. 
പിന്നെയുമെന്തോ പറയാന്‍ വന്ന്
പൊട്ടിക്കരച്ചിലവസാനിച്ചു. 
അവന്‍ കോളേജ് വിട്ടതിന് ശേഷമുള്ള ആദ്യ മഴയാണ്...
ഈ മഴ അവരുടെ പ്രണയത്തിന്‍റെ പ്രതീകമാണ്.
ഹംന യെ കരയാന്‍ വിട്ട് ഞാന്‍ നടന്നു....  
മഴ പെയ്തു തോരുന്ന വരെ അവള്‍ കരയട്ടെ.... 
കരഞ്ഞു തീരുമ്പോള്‍ മഴയും തീര്‍ന്നിട്ടുണ്ടാകും....
വിശുദ്ധ സ്നേഹത്തിന്‍റെ കണ്ണുനീര്‍ തുള്ളികളാണ് മഴയെന്ന് എഴുതിയ കവിയേതാണ്....
അറിയില്ല!!!

        9 -›൦ നമ്പര്‍ ക്ലാസ്സില്‍ നിന്ന് ശബ്ദമുയര്‍ന്ന് കേള്‍ക്കുന്നു.. 
സന്ദീപ്‌, പ്രതീഷ്‌, ഹാരിസ്‌, അഫ്സര്‍, അജോ  തുടങ്ങിയവര്‍ 
മഴയെപ്പറ്റി ചൂടന്‍ സംവാദത്തിലാണ്... 
മഴയൊച്ചക്ക്  മേലേക്ക് ശബ്ദമുയര്‍ത്തി ഓരോരുത്തരും
വാദമുറപ്പിക്കുന്നു...
കഴിഞ്ഞ ദിവസം ഏതോ വാരികയില്‍ വന്ന സുഗതകുമാരിയുടെ മഴയെപ്പറ്റിയുള്ള  ലേഖനമാണ് കുഴപ്പത്തിനെല്ലാം കാരണം... 
അവിടെ നിന്നും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി....

      നടന്നു നടന്നു ലൈബ്രറി വരാന്തയിലെത്തി... 
അവിടെ ആരോ ഒറ്റക്കിരുന്നു മഴ കാണുന്നു..
അഞ്ജു നീയായിരുന്നോ? എന്താ ക്ലാസ്സില്‍ കയറിയില്ലേ??
ഇല്ല! നീ ഇവിടെ ഇരിക്ക്!!!
ഞാനവളോടൊപ്പമിരുന്നു.. 
ചാറ്റല്‍ത്തുള്ളികള്‍ ഞങ്ങളുടെ ഇടയിലേക്ക് വഴിതെറ്റി
വന്നുകൊണ്ടിരുന്നു...
മഴയെ നോക്കി അവള്‍ പറഞ്ഞു തുടങ്ങി... 
മഴയോടെനിക്ക് വല്ലാത്ത പ്രണയമാണ്. 
കുട്ടിക്കാലം മുതല്‍ക്കെ മഴക്കാലങ്ങള്‍  സന്തോഷത്തിന്‍റെ 
ദിനങ്ങളാണ്... 
ചാറ്റല്‍ മഴയും നനഞ്ഞ് പാട വരമ്പിലൂടെ ഓടിക്കളിക്കുന്ന 
എന്നിലെ  ആ പഴയ കുട്ടിയെ  ഞാനിപ്പൊഴും ഓര്‍ക്കുന്നു... 
കതിര്‍ നിറഞ്ഞ ആ നെല്‍പ്പാട ത്തിലൂടെ ഓടിക്കളിക്കുവാന്‍ ഞാന്‍ 
ഇന്നും കൊതിക്കുകയാണ്..
അവയെല്ലാം  എന്‍റെ മനസ്സിലൊരു ഗൃഹാതുരതയാണ്.... 
മഴ പെയ്യുമ്പോള്‍ എനിക്കെങ്ങനെ ക്ലാസ്സിലിരിക്കാന്‍ കഴിയും...
ഈ മഴക്കാലം കഴിയുന്നതുവരെ  ഞാനിവിടെയൊക്കെ
തന്നെയാകും കാണുക....

      കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നിലെ വരാന്തയില്‍ 
വേണു സാര്‍ മഴ നിമിഷങ്ങളിലാണ്... 
മഴയും നനഞ്ഞ് ഞാന്‍ വരാന്തയിലേക്ക്കയറി... 
ഒരു മഴച്ചിരിയുമായി സാര്‍ എന്‍റെ തോളില്‍ തൊട്ടു. 
ചോദിക്കാന്‍ തുടങ്ങും മുന്‍പേ സാര്‍ സംസാരിച്ചു തുടങ്ങി...

കുറച്ച് ദിവസമായി ഞാനീ മഴയെ പ്രതീക്ഷിക്കുന്നു. 
ക്യാമ്പസ്സിലെ ഇ മഴ എത്ര വര്‍ഷമായി ഞാന്‍ കാണുന്നു... 
ഓരോ വര്‍ഷവും പുതുമയുള്ള മഴ മുഖങ്ങളാണ്...
അരുന്ധതി റോയി യുടെ ' ദി ഗോഡ്‌ ഓഫ് സ്മാള്‍ തിംഗ്സ് ' എന്ന നോവല്‍ തുടങ്ങുന്നത് തന്നെ മഴയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്..
മഴ പെയ്യുമ്പോള്‍ ക്ലാസ്സ്‌ എടുക്കാനാണ് എനിക്കേറെ ഇഷ്ടം.. 
മഴ ഓര്‍മകളില്‍ നിന്നും വാക്കുകളെ പെയ്യിക്കുന്നു.
ഈ മഴ എന്‍റെ നൊസ്റ്റാള്‍ജിയയെ ഉണര്‍ത്തുന്നു. 
ഓര്‍ക്കാപ്പുറത്ത് ബെല്‍ മുഴങ്ങിയപ്പോള്‍ സാര്‍  യാത്ര പറഞ്ഞ്  
തിടുക്കത്തില്‍  രണ്ടാം വര്‍ഷ ബി.കോം ക്ലാസ്സിലേക്ക് നടന്നു... 
 മഴ അപ്പോള്‍ തുള്ളികളായി പെയ്യുന്നുണ്ടായിരുന്നു...

വെറുതെ  കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിനകത്ത് കയറിയപ്പോള്‍
കല ടീച്ചര്‍, മിനി ടീച്ചര്‍, പ്രിയ ടീച്ചര്‍, അനിത ടീച്ചര്‍ എന്നിവര്‍ 
ചുറ്റും കൂടിയിരുന്ന് സൊറ പറയുന്നതാണ് കണ്ടത്.. 
ഒരു ചിരി സമ്മാനിച്ച്‌ ഞാന്‍ ചാറ്റല്‍ മഴയിലേക്കിറങ്ങി...

മഴയും നനഞ്ഞ് ഞാന്‍ ക്യാമ്പസ്സിലേക്ക്‌ നടന്നു... 
പ്രണയ പീഠങ്ങളില്‍  മഴത്തുള്ളികള്‍ വീഴാതെ ഒരു വാകമരം 
കുട നിവര്‍ത്തി നില്‍ക്കുന്നു.
ഏതോ ഒരു ഇലക്കുമ്പിളില്‍ നിന്നും ഒരു മഴത്തുള്ളി 
എന്‍റെ നെറുകയില്‍ വീണു. 
മനസ്സിലാരോ സ്പര്‍ശിക്കുന്നത് പോലെ,
ഒരു പക്ഷെ അവളുടെ നനുത്ത കൈകളാകാം....

ക്യാമ്പസ്സില്‍ മഴ നിറയുകയായിരുന്നു...
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ക്യാമ്പസ്സിലൂടെ നടന്നു...
പിന്നിലെ കാല്‍പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു...
എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ പ്രണയം ആയിരുന്നു...... 
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു എന്‍റെ ദുഃഖങ്ങളും..

ഇടനാഴിയും ജനാലയും ഗോവണിയുമെല്ലാം കഴിഞ്ഞ
മഴക്കാലത്തോടൊപ്പം ഇന്നലെകളിലെ മുഖങ്ങളെയും 
മറന്നു പോകുന്നു..
എങ്കിലും മഴക്കാല പ്രണയങ്ങളെല്ലാം കാമ്പസ്സിന്‍റെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങിയതാണ്.....
കാമ്പസ്സ് പുസ്തകത്തിന്‍റെ ഓര്‍മത്താളുകളില്‍
ഒരു  മയില്‍പ്പീലി തണ്ട് പോലെ ഓരോ പ്രണയങ്ങളും....

കാമ്പസ്സ്!!!
പുതിയ നനവിനായി കാതോര്‍ത്തിരിക്കുകയാണ്...
പഴയ കാല്‍പ്പാടുകള്‍ മായിച്ച് പുതിയവയ്ക്കായുള്ള 
നീണ്ട കാത്തിരിപ്പ്‌..

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എന്നില്‍ ഈ കാമ്പസ്സും  മഴയും 
ഇടനാഴിയും ഗൃഹാതുരത്വമായി അവശേഷിക്കും....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മുഖങ്ങളും 
ഇന്നലെയിലെ  മഴയെന്നതുപോലെ  അവ്യക്തമാകും..
പെട്ടെന്ന്‍ എവിടെയോ ഒരുഇടിമുഴക്കം കേട്ടു. 
മഴ തോര്‍ന്നിട്ടുണ്ടായിരുന്നു... 
ഞാന്‍ പുറത്തേക്ക് നടന്നു.  
A²  നേയും  D² നേയും കണ്ടപ്പോള്‍
നിര്‍വികാരനായി ഞാന്‍ കയ്യുയര്‍ത്തിക്കാട്ടി..
നാളെ, 
ഒരു മുത്തശ്ശിക്കഥ പോലെ നമുക്ക് പറഞ്ഞു തുടങ്ങാം... 
കെ. വി. വി. എസ്സ്
ക്യാമ്പസ്സില്‍ ഞാനും പഠിച്ചിരുന്നു...
ഞാന്‍ ആദ്യമായി ചെന്ന ദിവസം മഴ പെയ്യുന്നുണ്ടായിരുന്നു.... 


ηєνєя ѕнυт yσυя ωιη∂σωѕ ωнєη ιт яαιηѕ...


(എന്‍റെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും...  
5 വര്‍ഷം മുന്‍പ് ഞാന്‍ പഠിച്ചിരുന്ന കോളേജിനെക്കുറിച്ച്  
അധ്യയന അവസാനം മാഗസിന് വേണ്ടി  എഴുതിയത്)
എന്‍റെ കോളേജ്


 






☂ മഴത്തുള്ളി - ഷംനാദ് സൈബീരിയ.

നീല കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി


















ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി എനിക്ക് പിന്നാലെ
കുടയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞു നോക്കിയത് സഹതാപം
നിറഞ്ഞ ആ കണ്ണുകളിലെക്കാണ്.
ഇന്ന്, അവള്‍ എന്‍റെ പ്രണയിനി ആണ്.
ഇതേ മഴ തന്നെയാണ് അവളെ എനിക്ക് സമ്മാനിച്ചത്.
അതുകൊണ്ട് അവളെപ്പോലെ മഴയോടും
എനിക്ക് പ്രണയം ആണ്....

ഒരു പക്ഷെ അവളാകാം...,


മഴ..... മഴ മാത്രം...
മനസ്സ് തണുത്തു....
മഴ നനയുമ്പോള്‍ മനസ്സിലാരോ സ്പര്‍ശിക്കുന്നത് പോലെ....

ആരുടെയോ നനുത്ത കൈകള്‍....
ഒരു പക്ഷെ അവളാകാം....
ഒരിക്കല്‍ എന്‍റെതായി തീരേണ്ടവള്‍!
അവള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടാകാം...
ഞാനും....



 
 

Wednesday, 1 June 2011

ആ പഴയ മഴക്കാലം...















ഇന്ന് ജൂണ്‍ 1
പുതിയൊരു അധ്യയന വര്‍ഷം ഇന്ന് തുടങ്ങുന്നു...
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ മഴക്കാലത്താണ് ഞാനും 
ആദ്യമായി സ്കൂളിലേക്ക് പോയത്..
പുത്തന്‍റെ മണം മാറാത്ത ബാഗും  പുത്തനുടുടുപ്പും കുടയും ചൂടി
മഴയും നനഞ്ഞു സ്കൂള്‍ വരാന്തയിലേക്ക്‌ ആദ്യമായി കയറിയത്...
ഇന്ന് ഇവിടെ പുറത്തു മഴ പെയ്യുമ്പോള്‍ എല്ലാം ഒരു ഓര്‍മപുസ്തകം പോലെ
മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു...


Saturday, 28 May 2011

മഴയുടെ ചങ്ങാതി....














മഴ പെയ്യുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്യാറുണ്ടോ.....
മഴ തോരാതിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ....
മഴ പെയ്യുമ്പോള്‍ മിഴി നനഞ്ഞിട്ടുണ്ടോ....
ഒരു മഴത്തുള്ളിയായി മഴയില്‍ അലിഞ്ഞു ചേരാന്‍ 
കൊതിച്ചിട്ടുണ്ടോ.....

എങ്കില്‍ സുഹൃത്തേ, താങ്കളാണ് മഴയുടെ യഥാര്‍ത്ഥ ചങ്ങാതി....

ഫ്രെയിം...




















ഈ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മഴത്തുള്ളികളും
നേരത്തെ പെയ്ത മഴ ബാക്കിയാക്കി പോയതാണ്....


കാത്തിരിക്കുകയാണ് ഞാന്‍ അടുത്ത മഴയെ.....


ഓര്‍മയിലെ മഴ....














മഴ പലപ്പോഴും ഓരോ ഓര്‍മപ്പെടുത്തലുകളാണ്....
ഗൃഹാതുരതമാര്‍ന്ന കുട്ടിക്കാലവും!

മിഴിനീര്‍ നനഞ്ഞ ഫ്രെയിമും!
മനസ്സില്‍ പതിഞ്ഞ കുറെ കുസൃതികളും!
നിറഞ്ഞ ഓര്‍മകളുടെ വസന്തം.....

ഓരോ മഴയിലും പ്രണയമുണ്ട്.... 

നമ്മളും ഓര്‍മകളും ഉണ്ട്....

ഇന്ന് സായാഹ്നത്തിലും ഞാന്‍ മഴയെ പ്രതീക്ഷിക്കുന്നു....
ഇന്നലെയിലെ മഴ കുറെ നല്ല നിമിഷങ്ങള്‍ നല്‍കി 
പറയാതെ പോയി....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ഓരോ നനുത്ത മഴത്തുള്ളിയും
ഇന്നലെയിലെ ഓര്‍മകളെ മടക്കിത്തന്നു.....
എന്‍റെ കുട്ടിക്കാലവും കലാലയ ജീവിതവും തിരിച്ചു തന്നു
ഈ പെയ്യുന്ന മഴ കുറെ ഓര്‍മപ്പെടുത്തലുകളാണ്....
മനസ്സില്‍ പതിഞ്ഞ കുറെ സൗഹൃദങ്ങളുടെ 
ഗൃഹാതുരമായ ഓര്‍മ....